ബോക്സോഫീസിൽ പുതിയ റെക്കോർഡ് കുറിച്ച് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം. ഏറ്റവും വേഗത്തിൽ 100 കോടി സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോർഡാണ് ആടുജീവിതം സ്വന്തമാക്കിയത്. 9 ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 100 കോടി നേടിയത്. ഏറ്റവും വേഗത്തിൽ 50 കോടി സ്വന്തമാക്കിയ ചിത്രവും ആടുജീവിതമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോർഡാണ് ആടുജീവിതം മറികടന്നത്.
2024ൽ പുറത്തിറങ്ങിയതിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവയും 100 കോടി സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി കരസ്ഥമാക്കിയ ചിത്രങ്ങളിൽ 2018 ആണ് ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ചിത്രം 100 കോടിയിലെത്തിയ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് പങ്കുവെച്ചു. മാർച്ച് 28നാണ് 16 വർഷത്തോളം നീണ്ട യാത്രയ്ക്ക് ശേഷം ആടുജീവിതം റിലീസ് ചെയ്തത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്തിരുന്നു. മലയാളത്തിലെ ബെസ്റ്റ് സെല്ലറായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തിറങ്ങിയത്.
അതിവേഗം 100 കോടി; പുത്തൻ റെക്കോർഡുമായി ആടുജീവിതം

Reading Time: < 1 minute