ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ഹമദ് ആശുപത്രിയിലെ നാല് ജീവനക്കാർക്കും, കരാർ കമ്പനി ഉടമസ്ഥരും ജീവനക്കാരും ഉൾപ്പെടെ 10 പേർക്കുമാണ് വിചാരണ നടപടികൾക്കൊടുവിൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഹമദിലെ ഒരു ഉദ്യോഗസ്ഥാനും, കരാർ കമ്പനിയിലെ ആറ് ജീവനക്കാരും ഇന്ത്യക്കാരാണ്. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് 72.9 കോടി ഖത്തർ റിയാൽ പിഴ ചുമത്തി. ബാക്കിയുള്ളവർക്കും കോടിക്കണക്കിന് ഖത്തർറിയാൽ പിഴയിട്ടിട്ടുണ്ട്. കുറ്റാരോപിതരായ രണ്ടു പേരെ കോടതി വെറുതെ വിട്ടയച്ചു. സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫിസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഹമദ് ആശുപത്രി ഉദ്യോഗസ്ഥാനായ ഇന്ത്യക്കാരൻ കേസിൽ നാലാം പ്രതിയാണ്. ഇയാൾക്ക് 14 വർഷം തടവും 31.3 കോടി റിയാൽ പിഴയുമാണ് ചുമത്തിയത്. ഒന്നാം പത്രിയായ ഖത്തരി പൗരന് 15 വർഷം തടവും 72.9 കോടി റിയാൽ പിഴയും, രണ്ടാം പ്രതിയായ ജോർഡൻ പൗരന് 11 വർഷം തടവും 17.1 കോടി റിയാൽ പിഴയും, മൂന്നാം പ്രതിയായ ഫലസ്തീൻ പൗരന് 10 വർഷം തടവും 14.4 കോടി റിയാൽ പിഴയും ചുമത്തി.







