കനേഡിയൻ സമ്പദ്‌വ്യവസ്ഥ വർഷത്തിൻ്റെ അവസാന പാദത്തിൽ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. നാലാം പാദത്തിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം വാർഷിക അടിസ്ഥാനത്തിൽ 2.6 ശതമാനം ഉയർന്നതായി ഏജൻസി വ്യക്തമാക്കി. യഥാർത്ഥ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 1.8 ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഡിസംബറിൽ യഥാർത്ഥ ജിഡിപി 0.2 ശതമാനവും, ജനുവരിയിൽ വളർച്ച 0.3 ശതമാനമായി ഉയരുമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
കനേഡിയൻ സമ്പദ്‌വ്യവസ്ഥ 2024 ൻ്റെ മൂന്നാം പാദത്തിൽ 2.2 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായും ഏജൻസി പറയുന്നു. നാലാം പാദത്തിൽ ഗാർഹിക ചെലവ് 1.4 ശതമാനം ഉയർന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വളർച്ചയാണിതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. പുതിയ ട്രക്കുകൾ, വാനുകൾ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയുടെ വിൽപ്പനയാണ് വളർച്ചയ്ക്ക് കാരണം.
വർഷത്തിൻ്റെ അവസാന മാസത്തിൽ റീട്ടെയിൽ വിൽപ്പന ശക്തമായിരുന്നു. കൊവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട വ്യക്തിഗത ഷോപ്പിംഗ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഡിസംബറിലെ റീട്ടെയിൽ വ്യാപാരത്തിലെ 2.6 ശതമാനം വളർച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു. നാലാം പാദത്തിൽ പാർപ്പിട നിർമ്മാണവും മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ ഉയർന്നതായി ഏജൻസി പറഞ്ഞു.
