തീപിടുത്ത സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം വിറ്റഴിച്ച 86,308 ഫോക്‌സ്‌വാഗൺ,ഔഡി കാറുകൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ കാനഡ. 2015-20 മോഡൽ ഔഡി എ3 സെഡാൻ, 2019-20 മോഡൽ ഫോക്സ്‌വാഗൺ ജെറ്റ ജിഎൽഐ, 2015-19 മോഡൽ ഗോൾഫ് സ്‌പോട്ട് വാഗൺ എന്നിവ തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഉൾപ്പെടുന്നു.ഇന്ധന ടാങ്കുകൾക്കുള്ളിലെ ജെറ്റ് പമ്പ് സീലുകളിലെ ചോർച്ച മൂലം തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഈ പമ്പ് സീലുകളുടെ മെക്കാനിക്കൽ പ്രശ്‌നം ചാർക്കോൾ കാനിസ്റ്ററുകളിൽ നിന്നുള്ള എമിഷൻ സിസ്റ്റങ്ങളിലേക്ക് ഇന്ധനം ചോരുന്നതിന് കാരണമാകുമെന്നും ഇത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതായും ഫോക്‌സ് വാഗൺകാനഡ പറഞ്ഞു.
തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഈ തകരാറ് ഉള്ളതെന്നും തകരാറുമായി ബന്ധപ്പെട്ട് തീപിടുത്തമുണ്ടായതായോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോക്‌സ്‌വാഗൺ കാനഡ വ്യക്തമാക്കി.
