ഭവനപ്രതിസന്ധിയെ നേരിടാൻ 2024-ൽ ഫെഡറൽ ഗവൺമെന്റ് ഒരു പൂർണ്ണ ഭവന പദ്ധതി തയ്യാറാക്കുമെന്ന് ഭവന മന്ത്രി ഷോൺ ഫ്രേസർ. ഭവനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രഖ്യാപിച്ച നടപടികളും ഞങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്ന അടുത്ത നടപടികളും സംയോജിപ്പിച്ച് കനേഡിയൻ ജനതയ്ക്കായി പുതുക്കിയ ഒരു പദ്ധതി വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് ഫ്രേസർ പറഞ്ഞു. ലിബറലുകൾ അടുത്തിടെ പ്രഖ്യാപിച്ച ഭവന നയങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നൽകുക. വാടക വീടുകളുടെ ജിഎസ്ടി ചാർജുകൾ ഒഴിവാക്കുക, ഡെവലപ്പർമാർക്കുള്ള ധനസഹായം വർദ്ധിപ്പിക്കുക, പ്രീ-അംഗീകൃത ഹോം ബ്ലൂപ്രിന്റുകളുടെ കാറ്റലോഗിനായി കൺസൾട്ടേഷനുകൾ ആരംഭിക്കുക എന്നിങ്ങനെയുള്ള നടപടികളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭവന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന ബൈലോകളിലും ചട്ടങ്ങളിലും വരുത്തിയ മാറ്റങ്ങൾക്ക് പകരമായി ഫെഡറൽ ഡോളർ വാഗ്‌ദാനം ചെയ്യുന്ന പരിപാടിയായ ഹൗസിംഗ് ആക്‌സിലറേറ്റർ ഫണ്ടിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളുമായി കരാറുകളിൽ ഒപ്പുവെയ്കേകുമെന്നും ഭവന മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന പദ്ധതി ഭവന നിർമ്മാണ ചെലവ് സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നടപടികൾ അനാവരണം ചെയ്യുമെന്നും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വ്യാവസായിക തന്ത്രത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്നും ഫ്രേസർ പറഞ്ഞു.
