കാനഡയിലെ തൊഴിലാളികളിൽ 71 ശതമാനം പേരും ഈ വർഷം നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ അവസരങ്ങൾ തേടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഹെയ്സ് നടത്തിയ പഠനമനുസരിച്ച്, സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മ നിരക്കും മെച്ചപ്പെട്ടാൽ കൂടുതൽ ആളുകൾ പുതിയ ജോലി അന്വേഷിക്കാൻ ഒരുങ്ങുന്നതായും സർവേ പറയുന്നു. രാജ്യത്തുടനീളമുള്ള 1500-റോളം തൊഴിലാളികളിലാണ് സർവേ നടത്തിയത്. കാനഡയിലെ തൊഴിലാളികളിൽ പകുതിയിലധികം പേർ ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്നും ഏകദേശം പകുതി പേർക്കും ജോലി ചെയ്യാനുള്ള പ്രചോദനം നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലിക്കാരുടെ വേതനം പണപ്പെരുപ്പത്തിന് ആനുപാതികമായി വർധിക്കാത്തത് അടക്കം ശമ്പളം, ജോലിയിലെ പങ്ക്, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ വർദ്ധിച്ച അതൃപ്തിയാണ് സർവേ വെളിപ്പെടുത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. വേതന വർധനയ്‌ക്ക് പുറമേ, അവധി ദിനങ്ങൾ, കരിയർ വികസന പരിപാടികൾ, പ്രമോഷനുകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും തൊഴിലാളികൾ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ നിരുത്സാഹവും പ്രചോദനമില്ലായ്മയും അനുഭവിക്കുന്ന തൊഴിലാളികളെ നിലനിർത്താനും പ്രചോദിപ്പിക്കാനും തൊഴിൽദാതാക്കൾ ബുദ്ധിമുട്ട് നേരിടുമെന്നും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു.
