വാഷിങ്‌ടൺ : അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് മറികടക്കാൻ പരക്കംപാച്ചിലിൽ ഇന്ത്യൻ ദമ്പതികൾ. ഫെബ്രുവരി 20ന് നിയമം നിലവിൽവരുംമുമ്പ് കുഞ്ഞിന് ജന്മംനല്‍കാന്‍ സിസേറിയൻ നടത്താന്‍ പ്രസവ ക്ലിനിക്കുകളില്‍ തിരക്കേറുന്നു. എട്ടും ഒമ്പതും മാസം ഗർഭിണികളായ നിരവധിപ്പേർ 20ന് മുമ്പ് സിസേറിയൻ നടത്തണമെന്ന ആവശ്യവുമായി ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ജന്മാവകാശ പൗരത്വമുള്ള കുട്ടികൾക്ക് 21 വയസ്സ് തികയുമ്പോൾ മാതാപിതാക്കൾക്കും അമേരിക്കയിൽ സ്ഥിരതാമസത്തിന് അവകാശമുണ്ടാകും. ഇതിനാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യംപോലും അപകടത്തിലാക്കി, മാസംതികയുംമുമ്പേ പ്രസവം നടത്തി പൗരത്വം ഉറപ്പിക്കാനുള്ള നെട്ടോട്ടം. ഏഴുമാസവും അതിൽ കുറവും ഗർഭിണിയായാവർ പോലും സിസേറിയൻ ആവശ്യവുമായി എത്തുന്നതായി ന്യൂജേഴ്‌സിയിലെ ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയില്‍ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ 7.25 ലക്ഷം പേര്‍ ഇന്ത്യക്കാരാണെന്നാണ് കണക്ക്.
ജന്മാവകാശ പൗരത്വം റദ്ദാക്കൽ ; യുഎസില്‍ സിസേറിയനായി തിരക്ക് കൂട്ടി ഇന്ത്യക്കാർ

Reading Time: < 1 minute