പോർട്ട്‌ലാൻഡ്: അമേരിക്കയിൽ പറന്നുകൊണ്ടിരിക്കെ അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ജനൽ ഇളകിത്തെറിച്ചു. പോർട്ട്‌ലാൻഡിൽനിന്ന് ഒണ്ടാറിയോയിലേക്ക് വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട ബോയിങ് 737–9 മാക്സ് വിമാനത്തിലാണ് അപകടമുണ്ടായത്. ക്യാബിന്റെ നടുക്ക് ഇരിപ്പിടത്തോടു ചേർന്നുള്ള ജനലാണ് തകർന്നത്. വിമാനം പോർട്ട്‌ലാൻഡിൽത്തന്നെ അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം യാത്രയിലെ പരമാവധി ഉയരമായ 16,325 അടിയിൽ എത്തിയപ്പോഴായിരുന്നു അപകടം. ഇതോടെ, വെള്ളി വൈകിട്ട് 5.07ന് പുറപ്പെട്ട വിമാനം 5.26ന് തിരിച്ചിറക്കി. സംഭവത്തെ തുടർന്ന്, തങ്ങളുടെ 65 ബോയിങ് വിമാനങ്ങളുടെയും സർവീസ് തൽക്കാലം നിർത്തിവയ്ക്കുന്നതായി അലാസ്ക എയർലൈൻസ് അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ ഒന്നൊന്നായി വീണ്ടും സർവീസ് തുടങ്ങും. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
