വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിലും അതിന് അമേരിക്ക നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് തീകൊളുത്തി ജീവനൊടുക്കിയ അമേരിക്കൻ സൈനികൻ തന്റെ വിൽപത്രത്തിൽ സ്വത്ത് ഫലസ്തീനിലെ കുട്ടികൾക്ക് നൽകണമെന്ന് നിർദേശിച്ചതായി റിപ്പോർട്ട്. അമേരിക്കൻ വ്യോമസേനാംഗമായ ആരോൺ ബുഷ്‌നെൽ (25) ആണ് തന്റെ സമ്പാദ്യം ഫലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് വിൽപ്പത്രത്തിൽ എഴുതിയതെന്ന് അമേരിക്കൻ മാധ്യമമായ ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വാഷിങ്ഡൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ഞായറാഴ്ചയാണ് ഇദ്ദേഹം തീകൊളുത്തി മരിച്ചത്. 10000ത്തിലേറെ കുഞ്ഞുങ്ങൾ അടക്കം 30000ഓളം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണത്തിന് യു.എസ് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ആരോണിന്റെ ആത്മബലി.
