അമേരിക്കയിലെ മിസോറിയിലെ സെൻ്റ് ലൂയിസിൽ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ്. കൊല്ലപ്പെട്ട നർത്തകൻ അമർനാഥ് ഘോഷി്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കോൺസുലേറ്റ് അഗാധമായ അനുശോചനം അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.
“മിസോറിയിലെ StLouis-ൽ അന്തരിച്ച അമർനാഥ് ഘോഷിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ ഫോറൻസിക്, പോലീസ് അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ട്,” ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റിൻ്റെ പ്രസ്താവന
തൻ്റെ അടുത്ത സുഹൃത്തായ അമർനാഥ് ഘോഷ് ചൊവ്വാഴ്ച സെൻ്റ് ലൂയിസിൽ വെടിയേറ്റ് മരിച്ചതായി ടെലിവിഷൻ നടി ദേവ്ലീന ഭട്ടാചാര്യയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കണമെന്ന് ഇന്ത്യൻ എംബസിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും താരം ആവശ്യപ്പെട്ടു.
കൊൽക്കത്ത സ്വദേശിയായ അമർനാഥ് ഘോഷ് യുഎസിൽ പിഎച്ച്ഡി പഠിക്കുകയായിരുന്നു. അമർനാഥിൻ്റെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണെന്നും താരം വെളിപ്പെടുത്തി. സെൻ്റ് ലൂയിസ് അക്കാദമി പരിസരത്ത് സായാഹ്ന നടത്തത്തിനിടെ ഇയാളെ ഒരു അജ്ഞാത അക്രമി ഒന്നിലധികം തവണ ആക്രമിക്കുകയായിരുന്നു. 2024 ൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ യുഎസിൽ നിരവധി ഇന്ത്യക്കാർ വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
