വർഷങ്ങളായി ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ഒൻ്റാറിയോയിലുടനീളവും വാഹന മോഷണം മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ കുതിച്ചുയർന്നതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (ICB). ടൊറൻ്റോയിലെ ഓട്ടോ മോഷണ ക്ലെയിമുകൾ 2018 ൽ 56 മില്യൺ ഡോളറിൽ നിന്ന് 561 ശതമാനം 2023 ൽ ഏകദേശം 372 മില്യൺ ഡോളറായി കുതിച്ചുയർന്നതായി കണക്കുകൾ പറയുന്നു.
അഞ്ച് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 524 ശതമാനം വർധനവിൽ കഴിഞ്ഞ വർഷം ഒൻ്റാറിയോയിൽ ആദ്യമായി ഓട്ടോ മോഷണം 1 ബില്യൺ ഡോളറിലെത്തി. വാഹന മോഷണം ദേശീയ അടിയന്തരാവസ്ഥയാണെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ വൈസ് പ്രസിഡൻ്റ് അമൻഡ ഡീൻ പറഞ്ഞു.
വാഹന മോഷണ ക്ലെയിമുകളിൽ ഒൻ്റാറിയോ നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്താണ്. 2018 മുതൽ 719 ശതമാനം വർധിച്ച് കഴിഞ്ഞ വർഷം 93 മില്യൺ ഡോളറിൽ കൂടുതൽ എത്തിയ ബ്രാംപ്ടണാണ് രണ്ടാം സ്ഥാനത്ത്. മിസിസാഗ 533 ശതമാനം ഉയർന്ന് 90 മില്യൺ ഡോളർ മൂല്യമുള്ള ക്ലെയിമുകളിൽ എത്തി. അതേസമയം വോണിൽ ക്ലെയിമുകൾ 789 ശതമാനം ഉയർന്ന് 62 മില്യൺ ഡോളറിലും 989 ശതമാനം മാർഖാമിൽ 43.6 മില്യണിലും എത്തി.
ഇൻ്റർപ്രവിശ്യാ ഓട്ടോ മോഷണ അന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി മോൺട്രിയൽ തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ നിന്ന് മോഷ്ടിച്ച 600 വാഹനങ്ങൾ കണ്ടെടുത്തതായി പോലീസ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. അവയിൽ മിക്കതും ജിടിഎയിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ്. പ്രവിശ്യയില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതായി ഐസിബി പറയുന്നു.
ടൊറൻ്റോയിലെ വാഹന മോഷണങ്ങൾ; ഇൻഷുറൻസ് ക്ലെയിമുകളിൽ 561 ശതമാനം വർധന

Reading Time: < 1 minute