ഈ ആഴ്‌ച കാനഡയിലുടനീളം കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. തെക്കൻ ഒൻ്റാറിയോയിലും ക്യൂബെക്കിലും ഇന്ന് മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്നും നിരീക്ഷകർ പറയുന്നു. അതേസമയം, വടക്കുകിഴക്കൻ ഒന്റാറിയോയിൽ, ടിമ്മിൻസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കായി ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇന്ന് ഉച്ച മുതൽ ബുധനാഴ്ച രാത്രി വരെ 20 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞും ഐസ് പെല്ലറ്റും അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറയ്ക്കും. ഫ്രീസിംങ് റയ്ൻ സാധ്യതയും പ്രവചനത്തിലുണ്ട്, ഇത് അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് കാരണമായേക്കുമെന്നും റിപ്പോർട്ട് പറയുന്നു. വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിലും മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ മൂന്ന് മുതൽ അഞ്ച് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. മാരിടൈംസിൽ, ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നോവ സ്കോഷ്യയിലും ന്യൂ ബ്രൺസ്വിക്കിലും ശക്തമായ മഴയും കാറ്റും വീശും. സെൻട്രൽ, കിഴക്കൻ ന്യൂ ബ്രൺസ്വിക്ക് എന്നിവയിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയും, പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഫണ്ടി ഉൾക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴ കൂടുതലായിരിക്കും. കാറ്റിന്റെ വേഗത 70 മുതൽ 100 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്. നോവ സ്കോഷ്യയിലും ഇതുപോലെ തന്നെ കാറ്റും 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയും പ്രതീക്ഷിക്കുന്നു. വടക്കൻ സസ്‌കാച്ചുവൻ, വടക്കൻ ആൽബർട്ട, മാനിറ്റോബ എന്നിവിടങ്ങളിൽ അതിശൈത്യ മുന്നറിയിപ്പുകൾ നൽകിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയും രാത്രിയിലും കാറ്റു മൂലമുള്ള തണുപ്പ് -40 ഡിഗ്രിയിലും താഴ്ന്നേക്കാം, എന്നിരുന്നാലും പകൽ സമയങ്ങളിൽ ഇത് കുറവായിരിക്കും. ബീസിയിൽ, മെട്രോ വാൻകൂവർ, ഫ്രേസർ വാലി, ഹൗ സൗണ്ട്, വിസ്‌ലർ, സീ ടു സ്കൈ ഹൈവേ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് ബുധനാഴ്ച വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മധ്യ, വടക്കൻ തീരങ്ങളിൽ ഇന്നും ബുധനാഴ്ചയ്ക്കും ഇടയിൽ പല പ്രദേശങ്ങളിലും 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കുള്ള മുന്നറിയിപ്പും നിലവിലുണ്ട്.
