ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോഗ്രാം ദുരുപയോഗം ചെയ്യുന്ന പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷന്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് കാനഡ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. കോളേജ് മേഖലയിലുടനീളം പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളാണ് പ്രശ്‌നക്കാരെന്നും മാര്‍ക്ക് മില്ലര്‍ പറഞ്ഞു. ആ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയാണ് പ്രശ്‌നപരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പോസ്റ്റ്-സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവിശ്യകള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ അത് ചെയ്തില്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിദേശ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റെക്കോര്‍ഡ് വര്‍ധന വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ചിലര്‍ സ്ഥിരതാമസത്തിനുള്ള പിന്‍വാതിലിനായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോഗ്രാം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ പുതിയ പഠന അനുമതികള്‍ക്ക് പരിധി നിശ്ചയിക്കാന്‍ തീരുമാനമായിരുന്നു.
