വിവാദ ‘ആൾദൈവം’സന്തോഷ് മാധവന്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ 11.05 ഓടെ മരിക്കുകയായിരുന്നു. ഒട്ടേറെ വിവാദങ്ങളിൽപ്പെട്ട സന്തോഷ് മാധവൻ വഞ്ചനാ കുറ്റങ്ങളിലടക്കം അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
2008-ലാണ് ഇയാളുടെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ഒരു വിദേശമലയാളിയാണ് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്‌തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും അടങ്ങുന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതി ഉയർന്നു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പീഡനക്കേസിൽ നിർണായക തെളിവായതും ഈ സി.ഡി.കളാണ്.ഇതിനിടെ ഇയാളുടെ ഫ്ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തു.
