കോവിഡ്-19 വൈറസിനെതിരെ കോവാക്സിനേക്കാൾ ഫലപ്രദമായി പ്രവർത്തിച്ചത് കോവിഷീൽഡെന്ന് പഠനം. കൊറോണ വൈറസുകൾക്കെതിരേ വികസിപ്പിസിച്ചെടുത്ത വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും തമ്മിൽ ആദ്യമായി നടത്തിയ താരതമ്യ പഠനമനുസരിച്ചാണ് കോവിഷീൽഡ് ഫലപ്രദമായി പ്രവർത്തിച്ചതായി കണ്ടെത്തിയത്. കൂടാതെ, ഈ പഠനത്തിലൂടെ ഭാവിയിൽ രോഗപ്രതിരോധശക്തിയെ കുറിച്ചുള്ള പഠനം വിലയിരുത്തലിന് ആവശ്യമായ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്നതാണ് പ്രധാനം.
നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസസിലെ (എൻസിബിഎസ്) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങൾ ചേർന്നാണ് പഠനം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), നാഷണൽ കെമിക്കൽ ലബോറട്ടറി (എൻസിഎൽ), നാഷണൽ സെൻ്റർ ഫോർ സെൽ സയൻസ് (എൻസിസിഎസ്), പൂണെ നോളജ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ പൂണെയിൽ നിന്നുള്ള കുറഞ്ഞത് ആറ് ഇൻസ്റ്റിറ്റ്യൂട്ടുകളെങ്കിലും ഈ പഠനത്തിൽ പങ്കെടുത്തിട്ടുണ്ട്. കോവാക്സിനെ അപേക്ഷിച്ച് കോവിഷീൽഡ് കൂടുതൽ ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങൾ പ്രകടിപ്പിച്ചതായാണ് പഠനം കണ്ടെത്തിയത്.
2021 ജൂൺ മുതൽ 2022 ജനുവരി വരെ നടത്തിയ സമഗ്രമായ പഠനത്തിൽ, ബെംഗളുരുവിൽനിന്നും പൂനെയിൽനിന്നുമുള്ള 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള 691 ആളുകളിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി ഇവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പിന് മുൻപും ശേഷവും വ്യത്യസ്ത ഇടവേളകളിലായി ഇവരുടെയെല്ലാം പ്രതിരോധ പ്രതികരണങ്ങൾ എങ്ങനെയായിരുന്നുവെന്ന് നിരീക്ഷിച്ച് ഫലം കണ്ടെത്തുകയായിരുന്നു.
യുകെയിലെ ഓക്‌സ്ഫോർഡ് സർവകലാശാലയും അസ്ട്രെസെനക്കയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഉത്പാദിപ്പിച്ച് ഇന്ത്യയിൽ വിതരണം ചെയ്തത്. അതേസമയം, പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച് ഉത്പാദിപ്പിച്ചതാണ് കോവാക്സിൻ. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക്കാണ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമിത കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിച്ചത്.
