ഓട്ടവ: റഷ്യൻ പ്രതിപക്ഷ നതാവ് അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ രാക്ഷസന്‍ എന്ന് വിശേഷിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നവാല്‍നിയുടെ മരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത് പുടിന്റെ രാക്ഷസ സ്വഭാവമാണെന്ന് ട്രൂഡോ തുറന്നടിച്ചു.
”വലിയ ദുരന്തമാണിത്. റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഒന്നൊന്നായി അടിച്ചമര്‍ത്തുകയാണ് പുടിന്‍. പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.”-ട്രൂഡോ വ്യക്തമാക്കി.
മാര്‍ച്ചിലാണ് റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുടിന്‍ വീണ്ടും അധികാരം അരക്കിട്ടുറപ്പിച്ചതിന് പിന്നാലെയാണ് 47കാരനായ നവാല്‍നിയുടെ മരണവാര്‍ത്ത എത്തിയത്. മുമ്പും പലതവണ റഷ്യന്‍ അധികൃതരുടെ വധശ്രമം അതിജീവിച്ചിരുന്നു നവാല്‍നി. പുടിനെതിരെ ചെറുത്തുനിന്ന നവാല്‍നിയുടെ ധൈര്യത്തെയും ട്രൂഡോ പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ ചെറുത്തുനില്‍പെന്നും ട്രൂഡോ അനുസ്മരിച്ചു.







