ദ്വിഭാഷാ ഉദ്യോഗാർത്ഥികൾക്കായി വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കാൻ ഡെസ്റ്റിനേഷൻ കാനഡയും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയും (IRCC) ഒരുങ്ങുന്നു. നവംബർ 13, 14, 15 തീയതികളിൽ ക്യുബെക്ക് ഒഴികെ കാനഡയിലെ മറ്റു പ്രവിശ്യകളിൽ ടൂറിസം, ഹോസ്പ്‌പിറ്റാലിറ്റി, പാചക ജോലികൾ എന്നിവയ്ക്കായാണ് മേള നടത്തുന്നത്. തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 27- ന് അവസാനിക്കും.
പങ്കെടുക്കുന്ന തൊഴിൽ അന്വേഷകർക്ക് കനേഡിയൻ തൊഴിൽദാദാക്കളുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള അവസരമുണ്ട്. മേളയിൽ വച്ച് ചർച്ച ചെയ്ത നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാനും സാധിക്കും.
സെൻട്രൽ യൂറോപ്യൻ ടൈം (CET) ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി എട്ടിനും ഇടയിലാണ് പരിപാടി നടക്കുക . ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. നവംബർ 4 മുതൽ രജിസ്റ്റർ ചെയ്തവർക്ക് ഇൻവിറ്റേഷൻ നൽകുമെന്ന് മേളയിൽ സൗജന്യമായി പങ്കെടുക്കാൻ സാധിക്കുമെന്നും ഡെസ്റ്റിനേഷൻ കാനഡ അറിയിച്ചു.
യോഗ്യതകൾ
ഉദ്യോഗാർത്ഥികൾ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
ക്യുബെക്കിന് പുറത്ത് തൊഴിലവസരങ്ങൾ തേടുന്നവർ ആയിരിക്കണം
ടൂറിസം, ഹോസ്പിറ്റലിൽ, പാചകം തുടങ്ങിയ മേഖലകളിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ആവശ്യമായ ഭാഷയിലും ഫോർമാറ്റിലും ബയോഡാറ്റ അപ്‌ലോഡ് ചെയ്യണം
രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ള കാലയളവിൽ തന്നെ ഇവന്റിലേക്കുള്ള പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യണം.
