ഒട്ടാവ: രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ കാനഡ വീണ്ടും അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റുകൾ വെട്ടിക്കുറച്ചു. 2025 ൽ 4.37 ലക്ഷം സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് തീരുമാനമെന്ന് ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2024 നെ അപേക്ഷിച്ച് 10 ശതമാനം കുറവാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം കാനഡ വെട്ടിക്കുറയ്‌ക്കുന്നത്. 2023-ൽ, കാനഡ 6.5 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കാണ് പഠനാനുമതി നൽകിയത്.
രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുടിയേറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. കുടിയേറ്റത്തിന് പൊതുജന പിന്തുണ കുറയുന്നതായാണ് സമീപകാല സർവേകൾ പറയുന്നത്. എന്നാൽ താമസ സൗകര്യം അടക്കമുള്ള അടിസ്ഥാന സൗകര്യ ങ്ങളുടെ അഭാവമാണ് ഇത്തരംഒരു തീരുമാനത്തിന് പിന്നിലെന്നാണ് കാനഡ നൽകുന്ന വിശദീകരണം. 2024 കണക്ക് പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾ കാനഡയിലുണ്ട്. ഇതിൽ 3.19 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് കണക്ക്. ഒരു പതിറ്റാണ്ടിനിടെ വിദേശ വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടിയായതോടെ കുടിയേറ്റ നിയന്ത്രണം പ്രധാന രാഷ്‌ട്രീയ പ്രചാരണവിഷയമാകുകയും ചെയ്തു.
അടുത്തിടെ കാനഡ ഇന്ത്യയടക്കം 14 വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പിലാക്കിയിരുന്ന സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം വിസ പ്രോഗ്രാം നിർത്തലാക്കുകയും ചെയ്തു. വിദേശ വിദ്യാർഥികളുടെ പഠനാനുമതി അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് വേഗത്തിലാക്കാനായി ഇമിഗ്രേഷൻ റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) 2018ൽ ആരംഭിച്ചതാണ് സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം. ഉയർന്ന അപ്രൂവൽ റേറ്റും പ്രൊസസിങ് സമയത്തിലെ വേഗതയുമായിരുന്നു ഈ സ്‌കീമിന്റെ പ്രത്യകത.
ഇന്ത്യയ്ക്ക് പുറമേ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാകിസ്താൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളായിരുന്നു എസ്ഡിഎസ് വഴി കാനഡയിലേക്ക് എത്തിയിരുന്നത്. കുടിയേറ്റം കുത്തനെ കുറയ്ക്കാനുള്ള ജസ്റ്റിൻ ട്രൂഡോ ഭരണകൂടത്തിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കിയിരുന്നു. രാജ്യത്ത് കുടിയേറ്റം വർധിക്കുന്നതിനെതിരെ തദ്ദേശീയരും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയും ജസ്റ്റിൻ ട്രൂഡോയുടെ നിലപാടിനെ ശക്തമായി എതിർത്തിരുന്നു.
കാനഡ സ്വപ്‌നം കാണേണ്ട; വിദേശ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ചു

Reading Time: < 1 minute