വാഷിങ്ടണ്‍: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെ പ്രസംഗം തുടങ്ങിയ ട്രംപ് മുന്‍ സര്‍ക്കാരുകള്‍ എട്ട് വര്‍ഷങ്ങള്‍കൊണ്ട് ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ 43 ദിവസങ്ങള്‍കൊണ്ട് തങ്ങള്‍ ചെയ്തുവെന്നും അവകാശപ്പെട്ടു.
മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ നിര്‍ത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് ഈ രാജ്യങ്ങളില്‍നിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ടിപ്പുകള്‍, ഓവര്‍ടൈം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്.ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നിന്നുള്ള അലൂമിനിയം, ചെമ്പ്, സ്റ്റീല്‍ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ തീരുമാനം തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
