ഇലോൺ മസ്കിൻ്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പാർലമെൻ്ററി പെറ്റീഷനിൽ ഒന്നര ലക്ഷത്തിൽ അധികം കനേഡിയൻ പൗരൻമാർ ഒപ്പു വച്ചു. സ്വതന്ത്ര രാഷ്ട്രമായ കാനഡയെ തങ്ങളുടെ 51ആമത്തെ രാജ്യമായി മാറ്റുമെന്ന് പ്രഖ്യാപിച്ച ട്രംപുമായി ചേർന്ന് മസ്ക് പ്രവർത്തിക്കുന്നതാണ് പൗരത്വം റദ്ദാക്കണമെന്ന നടപടി ക്രമങ്ങളിലേക്ക് നയിച്ചത്.
ന്യൂ ഡെമോക്രാറ്റ് പാർലമെൻ്ററി അംഗവും മസ്‌കിൻ്റെ കടുത്ത വിമർശകനുമായ ചാർലി ആംഗസിൻ്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചത് . പെറ്റീഷന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിക്കാൻ അഞ്ഞൂറോ അല്ലെങ്കിൽ അതിലധികമോ ഒപ്പുകൾ വേണം. 157000 ലധികം ഒപ്പുകൾ ലഭിച്ച സാഹചര്യത്തിൽ പൗരത്വം റദ്ദാക്കാൻ സാധ്യത ഉണ്ടെന്ന് മാധ്യമ റിപ്പോർട്ട് പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കിന് കനേഡിയൻ പ്രവിശ്യയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ജനിച്ച മാതാവിൽ നിന്നാണ് കനേഡിയൻ പൗരത്വം ലഭിക്കുന്നത്.
