എഡ്മന്റണില്‍ വ്യാജവാഹന വായ്പയുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നാല് ഓട്ടോ ഡീലര്‍ഷിപ്പ് ഉടമകള്‍ക്കെതിരെ കേസെടുത്ത് ആര്‍സിഎംപി. ദില്‍രാജ് റാഹര്‍(28), നസാരി(37), കരണ്‍വീര്‍(32), ആലം(26) എന്നിവരാണ് അറസ്റ്റിലായത്.
കെഒ ഓട്ടോ ഫിനാന്‍സ് എന്ന കാര്‍ ഡീലര്‍ഷിപ്പ് നടത്തുന്ന ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി ആര്‍സിഎംപി വ്യക്തമാക്കി.
ഡീലര്‍ഷിപ്പില്‍ വ്യാജ വാഹന വായ്പയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ എഡ്മന്റണ്‍ ആര്‍സിഎംപി ഓട്ടോ തെഫ്റ്റ് യൂണിറ്റ് യുവാവിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് കെഒ ഓട്ടോ ഫിനാന്‍സിന്റെ ഉടമകള്‍ വ്യാജ രേഖകള്‍ ഹാജരാക്കി മൂന്ന് ധനകാര്യ സ്ഥാപനങ്ങള്‍ വഴി വാഹന വായ്പകള്‍ എടുത്തതായി ആര്‍സിഎംപി കണ്ടെത്തി. ഈ പണം വ്യക്തിഗത ചെലവുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി ഉപയോഗിച്ചതായി ആര്‍സിഎംപി പറയുന്നു.
