കരിയർ സെറ്റാക്കുന്നതിനായി നാടുവിടാനുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ യുവ തലമുറ. പഠനത്തിനും ജോലിക്കുമായി കാനഡ, ജർമ്മനി, യുകെ അങ്ങനെ അങ്ങനെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഇതാ, ഇപ്പോൾ ജർമ്മനിയിൽ പഠിക്കാൻ പോയവർക്ക് പുതിയ അവസരം വന്നിരിക്കുകയാണ്.
വിദേശ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ആഴ്ചയിൽ 20മണിക്കൂർ ജോലി ചെയ്യാൻ സാധിക്കും. മാർച്ച് ഒന്നുമുതൽ പുതിയ നിയമം നിലവിൽ വന്നുകഴിഞ്ഞു. ഈ പുതിയ നടപടി ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്കാണ് ഗുണം ചെയ്യുക. നേരത്തെ ഇത് ആഴ്ചയിൽ 10 മണിക്കൂറായിരുന്നു. ഈ സമയക്രമമാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ സ്‌കിൽഡ് എമിഗ്രേഷൻ ആക്ടിൽ വിദേശികൾക്ക് ആശ്വാസം പകരുന്ന മാറ്റങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി സ്‌പെഷ്യലിസ്റ്റ്, നേഴ്‌സിംഗ് അനുബന്ധ ജോലിക്കാർ, ബിസിനസുകാർ, സ്റ്റാർട്ടപ്പ് ഉടമകൾ എന്നിവർക്ക് ജർമ്മനിയിലെ തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാർത്ഥികളെയും അപ്രൻ്റീസുകളെയും ജർമ്മനിയിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ജർമ്മനിയിൽ ഏറ്റവും കൂടുതൽ ഒഴിവുള്ളത് ആരോഗ്യ മേഖലയിലാണ്. ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ പലതും നികത്താൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മതിയായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 2035ഓടെ തൊഴിൽക്ഷാമം ഏഴ് ദശലക്ഷത്തോളം വർധിക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ചിൻ്റെ പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജർമ്മനിയിലേക്ക് വിദേശ തൊഴിലാളികൾക്ക് അവസരം ലഭിക്കുന്നത്.
സമീപകാലത്ത് പഠനത്തിനും ജോലിയ്ക്കുമായി ജർമ്മനി തിരഞ്ഞെടുത്തിരിക്കുന്നതിൽ നിരവധി മലയാളികളാണ് ഉള്ളത്. ഭൂരിപക്ഷവും പഠനത്തിനായിട്ടാണ് കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് യാത്ര തിരിക്കുന്നത്.
സന്തോഷ വാർത്ത, പാർട്ട്‌ടൈം തൊഴിൽസമയം ആഴ്ചയിൽ 20 മണിക്കൂറാക്കി ജർമ്മനി

Reading Time: < 1 minute