ഇന്ത്യയിൽ നിലവിലുള്ള സിം കാർഡുകളിൽ 21 ലക്ഷമെങ്കിലും ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ്. കൃത്രിമമായ തിരിച്ചറിയൽ രേഖകളോ, വ്യാജ വിലാസമോ നൽകിയാണ് ഈ സിം കണക്ഷനുകൾ എടുത്തതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
രാജ്യത്താകയുള്ള 114 കോടി കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. ജനങ്ങൾക്ക് അവരുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാനും ദുരുപയോഗം തടയാനുമായി തയ്യാറാക്കിയ ‘സഞ്ചാർ സാഥി’ പോർട്ടലിന്റെ ഭാഗമായായിരുന്നു പരിശോധന.
സംശയാസ്പദമായ വരിക്കാരുടെ വിശദാംശങ്ങൾ ജിയോ, ബിഎസ്എൻഎൽ, എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്ക് ഇതിനോടകം കൈമാറി. സിം കാർഡ് ലഭിക്കുന്നതിന് സമർപ്പിച്ച രേഖകൾ കമ്പനികൾ പുനഃപരിശോധന നടത്തുകയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് സിംകാർഡുകൾ എടുത്തതെന്ന് കണ്ടെത്തിയാൽ ഇവ റദ്ദാക്കാനും ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.
