ഖത്തര്‍ തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ ഇളവ് വരുത്തിയ ഖത്തര്‍ പരമോന്നത കോടതി ഉത്തരവ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച ഖത്തറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജെയ്‌സ്‌വാള്‍ അറിയിച്ചു. നേരത്തെ, ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ പരമോന്നത കോടതി റദ്ദാക്കിയിരുന്നു. ഖത്തര്‍ കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും നിയമപരവുമായ വിഷയം ഖത്തര്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിശദമായ വിധിന്യായം പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഡിസംബര്‍ 28ന് അപ്പീല്‍ കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ രഹസ്യ സ്വഭാവമുള്ള ഒരു നിയമരേഖയുണ്ട്. നിയമ വിദഗ്ധര്‍ ഇത് പരിശോധിക്കുന്നുണ്ട്. ഞങ്ങള്‍ നാവികരുടെ കുടുംബങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. അടുത്ത നടപടി തീരുമാനിക്കാന്‍ നിയമസംഘത്തിന് ഖത്തര്‍ പരമോന്നത കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.
