ന്യൂഡല്‍ഹി: കാനഡയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും അവര്‍ ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റി്ല്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ യു എസിലെയും കാനഡയിലെയും സംഭവ വികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് എം പി മനീഷ് തിവാരിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.
‘അമേരിക്കയുമായുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളെ തടസപ്പെടുത്തുന്ന സംഘടിത കുറ്റവാളികള്‍, തോക്ക് കൈവശം വെക്കുന്നവര്‍, തീവ്രവാദികള്‍, മറ്റുള്ളവര്‍ എന്നിവ തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട് യുഎസ് പങ്കിട്ട ചില വിശദാംശങ്ങള്‍ ഉന്നത തലത്തില്‍ പരിശോധിച്ചുവരികയാണ്,’ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.
ഇതിനായി അന്വേഷണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാനഡയെ സംബന്ധിച്ചിടത്തോളം അവര്‍ ഉന്നയിക്കുന്ന ഒരു ആരോപണങ്ങളിലും ഒരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. യുഎസും കാനഡയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തില്‍ ഈ ആരോപണങ്ങള്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നും തിവാരി കേന്ദ്രത്തോട് ചോദിച്ചു.
സര്‍ക്കാര്‍ നയതന്ത്രപരമായി ഇക്കാര്യങ്ങളില്‍ രാജ്യങ്ങളുമായി ഇടപഴകിയിട്ടുണ്ടോ എന്നും ഈ കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ കേന്ദ്രം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിന് യു എസിലും കാനഡയിലും ഉള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും കേന്ദ്ര സര്‍ക്കാരിന് അതീവ പ്രാധാന്യമുള്ളതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
‘ഈ വിഷയത്തെക്കുറിച്ചുള്ള പൊതു വിവരണം ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണെന്ന് തോന്നുന്നു. അത്തരമൊരു വിവരണം തുടരുന്നത് സുസ്ഥിരമായ ഏതൊരു ഉഭയ കക്ഷി ബന്ധത്തിനും ദോഷം ചെയ്യും. അതിനാല്‍ കനേഡിയന്‍ അധികാരികള്‍ അവരുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
