ഈ വർഷം പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് കാനഡ. മാർച്ച് 6 ന് പലിശ നിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായി ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സമ്പദ്ഘടനയും വിലക്കയറ്റവും ബാങ്കിന്റെ പ്രതീക്ഷകൾക്കനുസൃതമായി വികസിച്ചാൽ, ഈ വർഷം എപ്പോഴെങ്കിലും പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ സെൻട്രൽ ബാങ്കിന് കഴിയുന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നു.
ബാങ്ക് ഓഫ് കാനഡ ഈ മാസം ആദ്യം പലിശ നിരക്ക് അഞ്ച് ശതമാനത്തിൽ നിലനിർത്തിയിരുന്നു. വർഷത്തിൻ്റെ തുടക്കത്തിൽ പണപ്പെരുപ്പം അതിശയകരമാം വിധം ഉയർന്നതായി തുടരുന്നതിൻ്റെ സൂചനകൾക്കിടയിലും 2024-ൽ തങ്ങളുടെ പ്രധാന പലിശ നിരക്ക് മൂന്ന് തവണ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥർ സൂചന നൽകി.
കാനഡയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് തുടർച്ചയായ രണ്ടാം മാസവും പ്രതീക്ഷിച്ചതിലും താഴെയായി. ഇത് ഫെബ്രുവരിയിൽ 2.8 ശതമാനത്തിലെത്തി. ഈ വർഷം മധ്യത്തോടെ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾ ഉറപ്പിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുകൾ.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നതാണെന്ന് അംഗങ്ങൾ വ്യക്തമാക്കുന്നു. വസന്തകാലത്ത് ഭവന മേഖല തിരിച്ചുവരികയാണെങ്കിൽ, പാർപ്പിട വിലയിലൂടെ പണപ്പെരുപ്പ നിരക്ക് ഉയരും. ഇത് രണ്ട് ശതമാനം ലക്ഷ്യത്തിലേക്കുള്ള സിപിഐ പണപ്പെരുപ്പം തിരിച്ചുവരുന്നത് വൈകിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
