മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും സ്ഥിരതാമസത്തിനായുള്ള (പെർമനന്‍റ് റെസിഡൻസി) സ്പോണ്‍സർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ച് കാനഡ. ജനുവരിയിൽ പാരന്‍റ്സ് ആന്‍റ് ഗ്രാൻഡ് പാരന്‍റ്സ് പ്രോഗ്രാം (പിജിപി) വഴിയുള്ള അപേക്ഷകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ സ്വീകരിക്കില്ലെന്ന് ഐആർസിസി വ്യക്തമാക്കിയിരുന്നു. ഈ വർഷം പ്രോഗ്രാമിന് കീഴിൽ 10,000 അപേക്ഷകരെ സ്വീകരിക്കുമെന്ന് ഏജൻസി പറയുന്നു. എന്നാൽ 2020 മുതൽ 2024 വരെ നടത്തിയ ഇൻടേക്കൾക്ക് സ്വീകരിച്ച സമീപനമായിരിക്കും ഈ വർഷവും തുടരുക. പൂളിൽ അപേക്ഷകൾ കെട്ടികിടക്കുന്നതിനാൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പകരം 2020-ൽ പാരന്‍റ്സ് ആന്‍റ് ഗ്രാൻഡ് പാരന്‍റ്സ് പ്രോഗ്രാമിന് കീഴിൽ അപേക്ഷ സമർപ്പിച്ച വിദേശ പൗരന്മാർക്ക് 2025-ൽ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അതേ സമയം ഇൻവിറ്റേഷൻ എപ്പോൾ അയക്കുമെന്ന് ഐആർസിസി വ്യക്തമാക്കിയിട്ടില്ല.
പിജിപിക്ക് കീഴിൽ പാരന്‍റ്സ് ആന്‍റ് ഗ്രാൻഡ് പാരന്‍റ്സിനെ സ്പോൺസർ ചെയ്യാൻ കഴിയാത്ത കനേഡിയൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും, അവരുടെ ബന്ധുക്കളെ കാനഡയിൽ ദീർഘകാലത്തേക്ക് സന്ദർശിക്കുന്നതിനായി സ്പോൺസർ ചെയ്യുന്നതിന് സൂപ്പർ വിസ പ്രോഗ്രാം പ്രയോജനപ്പെടുത്താമെന്ന് ഐആർസിസി വ്യക്തമാക്കി.
