കുടിയേറ്റ നയങ്ങൾ കാരണം കാനഡ പോപ്പുലേഷൻ ട്രാപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. നാഷണൽ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ധരായ സ്റ്റീഫൻ മാരിയോൺ, അലക്സാൻഡ്ര ഡ്യൂഷാർമേ എന്നിവരാണ് പ്രതിസന്ധിയെ കുറിച്ച് സൂചന നൽകുന്നത്. കുടിയേറ്റം രാജ്യത്തിന്റെ ജിഡിപിയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് ഗവൺമെന്റ് കരുതുന്നുണ്ടെങ്കിൽ, എല്ലാ ഗുണഗണങ്ങൾക്കും ഒരു പരിധിയുണ്ടെന്നു കൂടി ഓർക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റം കുറയ്ക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിൽ 2023ലെ ജനസംഖ്യാ വളർച്ച 3.2 ശതമാനം ആണെന്നും ഇത് ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ – ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ ശരാശരിയേക്കാൾ അഞ്ചുമടങ്ങ് അധികമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലുള്ള ഇത്തരം ഒരു വളർച്ച രാജ്യത്തെ പത്ത് പ്രവിശ്യകളിലും കാണാമെന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. 2023 ൽ മാത്രം കാനഡയിലെ ജനസംഖ്യ 1.2 മില്യണിൽ അധികമാണ് ഉയർന്നത്. അതേസമയം, കാനഡയിലെ ടെംപററി പോപ്പുലേഷൻ വളർച്ച നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് ഫെഡറൽ ഗവൺമെന്റ്.
ജനസംഖ്യ അതിവേഗം വർദ്ധിക്കുകയും ലഭ്യമായ എല്ലാ സമ്പാദ്യവും മൂലധന – തൊഴിൽ അനുപാതം നിലനിർത്താൻ ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യത്തെയാണ് പോപ്പുലേഷൻ ട്രാപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ജീവിത നിലവാരം ഉയർത്താൻ സാധിക്കുകയില്ല എന്നതാണ് പ്രധാന പ്രശ്നം.
