ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ്ഫോമുമായി കേരളം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് ഒടിടി ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്‌തു. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിലാണ് സി സ്പേസ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 42 സിനിമകളാണ് പ്രദർശനത്തിനെത്തുക. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി സ്ട്രീം ചെയ്യും.
കെഎസ്എഫ്ഡിസിക്കാണ് സി സ്പേസിന്റെ നിർവഹണച്ചുമതല.
ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിർമാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
