കേരളത്തിനെതിരെ തുടർച്ചയായി നടക്കുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ആരംഭിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരും നിരവധി സിപിഎം കേന്ദ്ര നേതാക്കളുമൊക്കെ സമരവേദിയിലെത്തിക്കഴിഞ്ഞു. ‘തകരില്ല കേരളം, തളരില്ല കേരളം’ എന്ന മുദ്രാവാക്യത്തോടെയാണ് നേതാക്കൾ സമര വേദിയിലെത്തിയത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി അടക്കമുള്ളവർ വേദിയിൽ മുൻ നിരയിലുണ്ട്.
ഇതിനിടെ സമരത്തിൽ പങ്കെടുക്കാൻ ഡി എം കെ പ്രതിനിധി പഴനിവേല്‍ ത്യാഗരാജന്നും എത്തി. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ പ്രതിനിധി സമരത്തിൽ പങ്കെടുക്കാനെത്തിയത്. ആം ആദ്മി നേതാക്കളും കേരളത്തിൻ്റെ സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ലീഗ് നേതാവ് അബ്ദുൾ വഹാബ് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അബ്ദുൾ വഹാബ് സന്ദർശനത്തിന് എത്തിയത്. സമരത്തിന് പിന്തുണ നൽകാനല്ല എത്തിയതെന്നും മര്യാദ അനുസരിച്ചാണ് എത്തിയതെന്നും വ്യക്തമാക്കിക്കൊണ്ടാണ് അബ്ദുൾ വഹാബ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
‘ആരേയും തോൽപ്പിക്കാനല്ല, അർഹതപ്പെട്ടത് നേടാനാണ് സമരം’
കേന്ദ്രത്തിനെതിരായ സമരം ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നത്. കേരളത്തിന്‍റെ മാത്രമല്ല, സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്നാണ് പ്രതീക്ഷ. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസമെന്ന ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.







