യുഎസ്-കാനഡ താരിഫ് ആശങ്കകൾക്കിടയിൽ ലിബറലുകൾ കൺസർവേറ്റീവുകളേക്കാൾ ഒരു പോയിൻ്റ് മാത്രം പിന്നിലാണെന്ന് ഏറ്റവും പുതിയ നാനോസ് സർവേ. കൺസർവേറ്റീവുകൾക്ക് 36 ശതമാനം പിന്തുണയുള്ളപ്പോൾ ലിബറലുകളുടെ പിന്തുണ 35 ശതമാനമായി ഉയർന്നതായും സർവേ പറയുന്നു. എൻഡിപിയുടെ പിന്തുണ 15 ശതമാനം മാത്രമാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയും പിന്നീടുള്ള കാനഡ-യു.എസ് താരിഫ് പ്രശ്നവും കനേഡിയൻ പൊതുജനാഭിപ്രായത്തിൽ നാടകീയമായ മാറ്റത്തിന് കാരണമായെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
കഴിഞ്ഞ നാലാഴ്‌ചയ്‌ക്കുള്ളിൽ കൺസർവേറ്റീവുകളുടെ ദേശീയ ബാലറ്റ് നമ്പറുകളും കുറഞ്ഞു, അതേസമയം ലിബറലുകൾക്കുള്ള പിന്തുണ ഉയർന്നു. ഒരു മാസം മുമ്പ്, കൺസർവേറ്റീവുകൾക്ക് ലിബറലുകളിൽ ഏകദേശം 20 പോയിൻ്റ് ലീഡ് ഉണ്ടായിരുന്നു.
ഏറ്റവും പുതിയ നാനോസ് ഫെഡറൽ ബാലറ്റ് ട്രാക്കിംഗിൽ കൺസർവേറ്റീവുകൾ 35.7 ശതമാനവും ലിബറലുകൾക്ക് 34.7 ശതമാനവും എൻഡിപി 14.9 ശതമാനവും ബിക്യു 7.9 ശതമാനവും ഗ്രീൻസ് 3.8 ശതമാനവും പീപ്പിൾസ് പാർട്ടി ഓഫ് കാനഡ 2.1 ശതമാനവുമാണ് പിന്തുണയെന്ന് റിപ്പോർട്ട് പറയുന്നു.
ആരെയാണ് പ്രധാനമന്ത്രിയായി ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് ട്രൂഡോയെക്കാൾ മുന്നിൽ പിയർ പൊലിയേവ് തന്നെയാണ്. എന്നാൽ പൊലിയേവിന്റെ പിന്തുണ കുറഞ്ഞതായും സർവേ വ്യക്തമാക്കുന്നു.
