ലോസ് ഏഞ്ചൽസിൽ കഴിഞ്ഞ നാല് ദിവസമായി നാശംവിതയ്ക്കുന്ന കാട്ടുതീയിൽ മരണം 11 ആയി. നിരവധി വീടുകൾ കത്തി നശിച്ചു. റോഡുകൾ തടഞ്ഞിരിക്കുന്നു. ശക്തമായ കാറ്റ് തീ ആളിപ്പടരാൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്.
എന്നാൽ തീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ പറയുന്നു. വൻ തീപിടിത്തം ലോസ് ഏഞ്ചൽസിലെ പോഷ് ഏരിയകളിൽ ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും ഹോളിവുഡ് ഹിൽസിലേക്ക് പടരുകയും ചെയ്തു.
‘ഏകദേശം 10,000 വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, ഇത് ആ പ്രദേശങ്ങളിൽ ആരോ അണുബോംബ് വർഷിച്ചതുപോലെയാണ്’. മരണസംഖ്യ കൂടുമെന്ന് ഭയക്കുന്നു. ഇപ്പോൾ ശുഭവാർത്ത പ്രതീക്ഷിക്കുന്നില്ലെന്നും ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് (പോലീസ് ഓഫീസർ) റോബർട്ട് ലൂണ മാധ്യമങ്ങളോട് പറഞ്ഞു.
കാലിഫോർണിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അനുസരിച്ച്, ഈറ്റണിലെ തീ ഇപ്പോഴും നിയന്ത്രണാതീതമാണ്. പാലിസേഡ്‌സ് ഏരിയയിലെ തീയുടെ 6 ശതമാനം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
കെന്നത്തിൽ, ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളിൽ ഏകദേശം 960 ഏക്കർ സ്ഥലത്തെ കാട്ടുതീ ബാധിച്ചു. അഗ്നിശമന സേനാംഗങ്ങൾ 35 ശതമാനം പ്രദേശത്തും തീ നിയന്ത്രണ വിധേയമാക്കി. ഹർസ്റ്റിലെയും ലിഡിയയിലെയും അഗ്നിശമന ഉദ്യോഗസ്ഥർ 1,200 ഏക്കർ തീയണയ്ക്കുന്നതിൽ പുരോഗതി റിപ്പോർട്ട് ചെയ്തു.
ഹർസ്റ്റിൽ 37 ശതമാനം തീ നിയന്ത്രണവിധേയമായപ്പോൾ, ലിഡിയയിലെ കണക്ക് 75 ശതമാനമാണ്. ലോസ് ഏഞ്ചൽസിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയത് സ്ഥിതിഗതികൾ കൂടുതൽ അനിയന്ത്രിതമാക്കി. കാറ്റിൻ്റെ വേഗത കുറഞ്ഞതോടെ ഹെലികോപ്റ്ററിൽ നിന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കുന്നത് എളുപ്പമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
എന്നിരുന്നാലും, രാത്രിയിൽ കാറ്റ് വീണ്ടും വർദ്ധിച്ചു, അതിനുശേഷം തീ പടരുമെന്നും ലോസ് ഏഞ്ചൽസ്, തെക്കൻ കാലിഫോർണിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെ (ഇന്ത്യൻ സമയം ശനിയാഴ്ച) സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.
ശക്തമായ കാറ്റ് കാട്ടുതീ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന് ലോസ് ഏഞ്ചൽസ് അഗ്നിശമന വിഭാഗം മേധാവി ക്രിസ്റ്റിൻ ക്രോളി പറഞ്ഞു. ഞങ്ങൾ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ലോസ് ഏഞ്ചൽസിലെ കാട്ടുതീ രണ്ട് ദിവസം മുമ്പ് വൻ ദുരന്തമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.