ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം പുനർനിർമിക്കാനൊരുങ്ങി കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർണി. മുൻഗാമിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ കാർണി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. വാണിജ്യബന്ധം വൈവിധ്യവത്ക്കരിച്ചു പുതിയ നയതന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് കാനഡ സെൻട്രൽ ബാങ്ക് മുൻ ഗവർണർ.
‘സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി കാനഡയുടെ വ്യാപാരബന്ധങ്ങൾ വൈവിധ്യവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുമായുള്ള ബന്ധം പുനർനിർമിക്കാൻ അവസരങ്ങൾ ഏറെയുണ്ട്. ആ വാണിജ്യബന്ധങ്ങൾക്ക് ചുറ്റും പൊതുബോധങ്ങളുടെ മൂല്യങ്ങളുണ്ട്.’ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന സംവാദത്തിൽ കാർണി ഇങ്ങനെ പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെക്കുറിച്ച് കാർണിക്കുള്ള നിലപാട് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിക്കും. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഓഫ് ഇംഗ്ലണ്ട്, ബ്രൂക് ഫീൽഡ് അസറ്റ് മാനേജ്മെന്റ് എന്നിവയുടെ നായകസ്ഥാനത്തിരുന്ന കാർണിക്ക് ഇന്ത്യയുടെ വാണിജ്യമേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നതും ശുഭ പ്രതീക്ഷ നൽകുന്നു. യു.എസിന്റെ തീരുവ ഭീഷണി ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തിൽ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ കാനഡ മുൻകൈയെടുക്കുന്നുവെങ്കിൽ ഇന്ത്യ സ്വാഗതം ചെയ്യാനാണ് സാധ്യത. കുടിയേറ്റം നിയന്ത്രിച്ചതും വിസ മാനദണ്ഡങ്ങൾ കടുപ്പിച്ചതും സംബന്ധിച്ച വിഷയങ്ങൾ പുതിയ കനേഡിയൻ നേതൃത്വത്തോട് ഇന്ത്യ ഉന്നയിച്ചേക്കാം. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്തറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
