ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരുമെന്നും മാർക്ക് കാർണി പറഞ്ഞു.
‘അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതുമായ ഉത്പന്നങ്ങൾക്ക് ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുളള താരിഫുകളാണ് അദ്ദേഹം ഏർപ്പെടുത്തിയിരിക്കുന്നത്. അയാൾ കനേഡിയൻ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്. അദ്ദേഹത്തെ വിജയിക്കാൻ അനുവദിക്കില്ല. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരും. നമ്മൾ ശക്തരാണ്. അമേരിക്കയ്ക്കെതിരെയുളള കനേഡിയൻമാരുടെ പ്രതികരണത്തിൽ ഞാൻ അഭിമാനിക്കുന്നു’വെന്ന് മാർക്ക് കാർണി പറഞ്ഞു.
കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയും മാർക്ക് കാർണി പ്രതികരിച്ചു. ‘ഒട്ടാവയെ ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാക്കാൻ അനുവദിക്കില്ലെന്നായിരുന്നു കാർണിയുടെ പ്രതികരണം. അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ലെ’ന്ന് കാർണി പറഞ്ഞു.
കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി ഇന്നാണ് മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 85.9 ശതമാനം വോട്ടാണ് കാർണിക്ക് ലഭിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായി കാർണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
