കാനഡയിൽ അഞ്ചാംപനി വാക്സിൻ എടുത്തവർക്കും രോഗം സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പ് നൽകി ആരോഗ്യ ഏജൻസി. ക്യൂബെക്ക്, ഒൻ്റാറിയോ, സസ്‌കാച്ചെവൻ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ പതിനേഴു അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ പകുതിയിലേറെയും മോൺട്രിയൽ പ്രദേശത്താണ്, റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഒൻ്റാറിയോയിലെ അഞ്ചാംപനി കേസ് ഒരു ഹൈസ്‌കൂളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച 10 കേസുകൾ സ്ഥിരീകരിച്ചതായി ക്യൂബെക്ക് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലൂക്ക് ബോയ്‌ലോ പറഞ്ഞു. അവയിൽ കൂടുതലും കുട്ടികളാണെന്നും മോൺട്രിയാലിനെ രാജ്യത്തിൻ്റെ പ്രഭവകേന്ദ്രമാക്കി മാറ്റുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കേസുകൾ മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നത്.നഗരത്തിലും പരിസരത്തും അഞ്ചാംപനി വ്യാപിച്ചിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പബ്ലിക് ഹെൽത്ത് ഒൻ്റാറിയോ അഞ്ച് അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചതായും അതിൽ ഒരാളൊഴികെ മറ്റെല്ലാവരും വിദേശ യാത്ര ചെയ്തവരാണെന്നും ഏജൻസി പറഞ്ഞു. ടൊറന്റോയുടെ വടക്ക് യോർക്ക് പ്രദേശത്ത് 30 വയസ്സുള്ള യുവാവിന് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച ഏറ്റവും പുതിയ കേസ് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് മേഖലയിലെ മെഡിക്കൽ ഹെൽത്ത് ഓഫീസർ പറഞ്ഞു. ഇയാൾ വാക്സിൻ എടുത്തതാണെന്നും വാക്സിനേഷൻ എടുത്തതിന് ശേഷം ഒരാൾക്ക് രോഗം പിടിപെടുന്നത് അപൂർവമാണെന്ന് ഹാമിൽട്ടൺസ് മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി പ്രൊഫസർ ഡോൺ ബൗഡിഷ് പറഞ്ഞു.
അന്താരാഷ്‌ട്ര യാത്രയുമായി ബന്ധപ്പെട്ട വൈറസിൻ്റെ ഒരു കേസ് വാരാന്ത്യത്തിൽ വാൻകൂവർ കോസ്റ്റൽ ഹെൽത്ത് റീജിയനിൽ 10 വയസ്സിന് താഴെയുള്ള കുട്ടിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി ബീസിയുടെ പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി പറഞ്ഞു.
