കൊച്ചി: അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ്. ടീം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചതോടെ ഫുട്ബോൾ പ്രേമികളുടെ മനസിൽ ആരവമായി. അടുത്ത വർഷം അർജന്റീന കേരളത്തിൽ കളിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ വ്യാപാര സമൂഹമാണ് അർജന്റീന ടീമിനെ എത്തിക്കാൻ ആവശ്യമായ പണം മുടക്കുക. ഇതിന്റെ തുടക്കമായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനും വ്യാപാര വ്യവസായ സംഘടനയുമായി മന്ത്രി തല ചർച്ച നടത്തിയിരുന്നു.
കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്‌ബോൾ ടീം കത്ത് മുഖേന അറിയിപ്പ് നൽകുകയാണ് ചെയ്തത്. അടുത്തവർഷം അവസാനം കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സർക്കാരിന്റെ നിയന്ത്രണത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
