കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നാവികസേന ആസ്ഥാനത്തെത്തി. കൊച്ചി കെ.പി.സി.സി ജങ്ഷനിൽ നിന്ന് റോഡ്ഷോ തുടങ്ങി.
വിവിധ പദ്ധതി ഉദ്ഘാടനങ്ങൾക്കും പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഇന്ന് വൈകീട്ട് അഞ്ചിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആറിന് കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒരുമണിക്കൂറിലേറെ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച രാവിലെ ഏഴിന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകുന്ന നരേന്ദ്ര മോദി 7.20 ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തും. 7.45 ന് ക്ഷേത്ര ദർശനം.
8.45 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിലെത്തും. തുടർന്ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂജയും ദർശനവും നടത്തും.
