2023 ന്റെ നാലാം പാദത്തിൽ ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ ഉപഭോക്താക്കൾ മോർട്ട്ഗേജ്, ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയതായി ഇക്വിഫാക്സ് കാനഡ റിപ്പോർട്ട്.
ഒന്റാരിയോയിൽ 2023 ന്റെ നാലാം പാദത്തിൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവർ മുൻ വർഷത്തെ അപേക്ഷിച്ച് 135.2% വർധിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ഈ നിരക്ക് 62.2% ആയി ഉയർന്നതായും റിപ്പോർട്ട് പറയുന്നു. ഈ പ്രവിശ്യകളിലെ സാമ്പത്തിക പ്രതിസന്ധിയിലായ വീട്ടുടമകൾ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും കൂടുതലായി മുടക്കുന്നതായും 36 വയസ്സിനു താഴെയുള്ളവരാണ് കൂടുതൽ വീഴ്ച വരുത്തുന്നതായി റിപ്പോർട്ട് പറയുന്നു.
ബ്രിട്ടീഷ് കൊളംബിയയ്ക്കും ഒന്റാരിയോയ്ക്കും പുറത്ത്, വായ്പാ തുക സാധാരണയായി കുറവായിരിക്കുന്ന പ്രദേശങ്ങളിൽ, വായ്പ തിരിച്ചടവ് നിരക്ക് കുറഞ്ഞ വേഗതയിലാണ് വർധിക്കുന്നത്. ഈ നിരക്ക് ഇപ്പോഴും പാൻഡെമിക്കിന് മുമ്പുള്ളതിനെക്കാൾ വളരെ കുറവാണ് എന്ന് ഇക്വിഫാക്സ് കാനഡ പറയുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ രാജ്യത്തുടനീളമുള്ള മോർട്ട്ഗേജ് ഡിലിൻക്വൻസി നിരക്കുകൾ 52.3 ശതമാനം ഉയർന്നു, അതേസമയം 90 ദിവസത്തിൽ കൂടുതലുള്ള മോർട്ട്ഗേജ് ഇതര കടങ്ങളുടെ കുടിശ്ശിക നിരക്ക് 28.9 ശതമാനം ഉയർന്നതായും റിപ്പോർട്ട് പറയുന്നു.
പലിശ നിരക്കുകൾ കൂടിയ സാഹചര്യത്തിൽ വീട്ടുവായ്പ പുതുക്കുന്നത് തുടരുന്ന സാഹചര്യത്തിൽ, 2020 ൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കിൽ വായ്പ എടുത്ത ഉപഭോക്താക്കൾക്ക് പ്രതിമാസ തിരിച്ചടവ് പ്രയാസമാകുമെന്ന് ഇക്വിഫാക്സ് കാനഡ പറയുന്നു.
