മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരർ നടത്തിയ വെടിവയ്‌പ്പിലും സ്‌ഫോടനത്തിലും മരിച്ചവരുടെ എണ്ണം 93 ആയി. 185ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേരെ റഷ്യൻ പൊലീസ് പിടികൂടി. ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാലംഗ സംഘം ഉൾപ്പെടെയുള്ളവർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. വെള്ളി രാത്രിയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ക്രോകസ് സിറ്റി ഹാളിൽ സൈനികവേഷത്തിലെത്തിയ നാലംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഗീത പരിപാടി നടക്കുന്ന ഹാളിൽ കടന്ന് യന്ത്രതോക്കുകളുമായി ഭീകരർ വെടിവയ്‌ക്കുന്നതിന്റെയും പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
