ടൊറൻ്റോയിൽ എംപോക്സ് കേസുകൾ വർധിച്ചതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ. 2023-ൽ 27 കേസുകൾ ഉണ്ടായപ്പോൾ ജനുവരി മുതൽ നഗരത്തിൽ 21 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
എംപോക്സ് ബാധിച്ചവരിൽ ഭൂരിഭാഗവും വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. റീത്ത ഷാഹിൻ പറഞ്ഞു.
ജനുവരി 1 മുതൽ റിപ്പോർട്ട് ചെയ്ത 21 കേസുകളിൽ, മൂന്ന് പേർ മാത്രമാണ് ഒരു ഡോസ് വാക്സിൻ എടുത്തിട്ടുള്ളൂ. നിലവിൽ നഗരത്തിൽ വൈറസ് ബാധയുള്ള വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ആളുകൾക്കിടയിലാണ് പ്രധാനമായും എംപാക്സ് പടരുന്നതെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റവും കൂടുതൽ ബാധിച്ചവരിൽ സ്വവർഗ്ഗാനുരാഗികളും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരും ഉൾപ്പെടുന്നതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു.
മുറിവുകൾ, വെള്ളപൊട്ടുകൾ, ശരീരസ്രവങ്ങൾ, ശ്വസന സ്രവങ്ങൾ എന്നിവയിലൂടെയാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്.
പനി, തലവേദന, പേശിവേദന, ക്ഷീണം, വീർത്ത ലിംഫ് നോഡുകൾ, ചർമ്മത്തിൽ ചുണങ്ങോ കുമിളകളോ മുറിവുകളോ ഉണ്ടാകുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
