നയൻതാര നായികയായി എത്തിയ ചിത്രം അന്നപൂരണിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്ന് മുംബൈ പോലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിൽ ചിത്രത്തിനെതിരെ പരാതി ഉയർന്നിരുന്നു. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. നയൻതാരയുടെ 75-ാമത്തെ ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററിൽ എത്തിയതെങ്കിലും വിചാരിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. പിന്നാലെ നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെൽ നൽകിയ പരാതിയിൽ പറയുന്നു.
