കാനഡയുടെ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാമിലെ ( പിജിഡബ്ല്യുപിപി ) നിർദിഷ്ട മാറ്റങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു. കാനഡയിൽ പഠിക്കാനും ജോലി നേടാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് സുപ്രധാനമാണ് ഇവ. പ്രോഗ്രാമിലെ ഭേദഗതികൾ എന്തൊക്കെയാണെന്ന് നോക്കാം. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിൽ താഴെ ഉൾപ്പെടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 3 വർഷത്തേക്ക് പെർമിറ്റ് നേടാൻ ഇനി മുതൽ സാധിക്കും. അതേസമയം പ്രോഗ്രാം കാലാവധി 8 മാസത്തിൽ കുറവാണെങ്കിൽ പി ജി ഡബ്ല്യു പിക്ക് അർഹരല്ല. എന്നാൽ 8 മാസം ദൈർഘ്യമെങ്കിലും ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്. കരിക്കുലം ലൈസൻസിംഗ് എഗ്രിമെൻ്റ് പ്രോഗ്രാമിന്റെ ഭാഗമായി വരുന്ന വിദ്യാർത്ഥികൾക്ക് 2024 സെപ്‌റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് യോഗ്യത ഉണ്ടായിരിക്കില്ല. നിലവിൽ ഈ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് യോഗ്യരായിരിക്കും. പുതുതായി എൻറോൾ ചെയ്യപ്പെടുന്നവർക്കാണ് പെർമിറ്റ് ലഭിക്കാതിരിക്കുക. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കരിയറിൽ വിജയം നേടാൻ അവസരം ഒരുക്കാനുമാണ് പുതിയ മാറ്റങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.
