2027-ഓടെ രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 1.7 ശതമാനം ഇടിയുമെന്ന് റിപ്പോർട്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കാനഡയുടെ തീരുമാനമാണ് ഇടിവിന് കാരണം. പുതിയ ഇമിഗ്രേഷൻ പ്ലാൻ അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയിൽ 3.2 ശതമാനം അല്ലെങ്കിൽ 1.4 ദശലക്ഷം ആളുകളെ കുറയ്ക്കുമെന്ന് പാർലമെൻ്ററി ബജറ്റ് ഓഫീസർ (PBO) പറയുന്നു. 50 വർഷത്തിനുള്ളിൽ കാനഡയിലെ ജനസംഖ്യ 80 ദശലക്ഷത്തിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഈ ആഴ്ച റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് PBO റിപ്പോർട്ട്.
ഇമിഗ്രേഷൻ ലെവലുകൾ കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ പുതിയ ലക്ഷ്യം 2027-ൽ 1.3 ബില്യൺ മണിക്കൂറുകൾ കുറയ്‌ക്കുമെന്നും, അതിൻ്റെ ഫലമായി യഥാർത്ഥ ജിഡിപി കുറയുമെന്നും PBO റിപ്പോർട്ട് പറയുന്നു. 2024 മൂന്നാം പാദത്തിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഒരു ശതമാനം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
വർദ്ധിച്ച കുടിയേറ്റം കാരണം അതിവേഗം വളരുന്ന കാനഡയിലെ ജനസംഖ്യ വ്യാഴാഴ്ച വരെ 41.59 ദശലക്ഷമാണ്. ജനസംഖ്യാ വളർച്ച മരവിപ്പിക്കാനുള്ള ശ്രമത്തിൽ, ഫെഡറൽ ഗവൺമെൻ്റ് ഒക്ടോബറിൽ രാജ്യത്തേക്കുള്ള പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 2025-ൽ 500,000 ൽ നിന്ന് 395,000 ആയി 21 ശതമാനം കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
2025-2027 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച്, ഈ എണ്ണം 2026 ഓടെ 380,000 ആയും 2027 ഓടെ 365,000 ആയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിദ്യാർത്ഥികളും താൽക്കാലിക വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇതോടെ 2025 നും 2027 നും ഇടയിൽ കാനഡയിലെ താൽക്കാലിക ജനസംഖ്യ ഏകദേശം 909,002 ആളുകൾ കുറയുമെന്ന് ഫെഡറൽ ഗവൺമെൻ്റ് കണക്കാക്കുന്നു.
പുതിയ ഇമിഗ്രേഷൻ പ്ലാൻ കാനഡയുടെ വളർച്ച ഇല്ലാതാക്കും, ജിഡിപി 1.7 ശതമാനം വരെ ഇടിയും; റിപ്പോർട്ട്

Reading Time: < 1 minute