കേപ്‌ടൗൺ: രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യയ്ക്ക് ജയം. രണ്ട് ഇന്നിങ്സുകളിലായി ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തിളങ്ങിയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഇതോടെ രണ്ടുമത്സര പരമ്പര സമനിലയിൽ കലാശിച്ചു.
ആദ്യകളിയിലെ വൻ തോൽവിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ പേസർമാർ കരുത്തുകാട്ടി. ഒന്നാം ഇന്നിങ്‌സിൽ 55 റണ്ണിസിനും രണ്ടാം ഇന്നിങ്സിൽ 176 റൺസിനും ദക്ഷിണാഫ്രിക്ക കൂടാരം കയറി. സ്‌കോർ: ദക്ഷിണാഫ്രിക്ക 55, 176. ഇന്ത്യ 153, 80/3.
രണ്ടാം ഇന്നിങ്സിൽ ഓപ്പണർ എയ്‌ദൻ മാർക്രത്തിന്റെ (103 പന്തിൽ 106) ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 79 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ തുടക്കത്തിലെ ആക്രമിച്ചാണ് കളിച്ചത്. 5.4 ഓവറിൽ 44 റൺസ് കൂട്ടിചേർത്താണ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ (23 പന്തിൽ 28) മടങ്ങിയത്. പിന്നീട് കളത്തിലെത്തിയ ശുഭ്‌മാൻ ഗിൽ (10), വിരാട് കോഹ് ലി (12) എന്നിവർ പെട്ടന്ന് മടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മ (17), ശ്രേയസ് അയ്യർ (4) എന്നിവർ പുറത്താകാതെ നിന്നു. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റിൽ ഇന്നിങ്‌സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്.
