പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരെ കാനഡയില്‍ വിമാനമിറങ്ങിയ ശേഷം കാണാനില്ലെന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുറഞ്ഞത് എട്ട് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരാണ് കാനഡയില്‍ അപ്രത്യക്ഷരായതെന്ന് പാക് എയര്‍ലൈൻ പിഐഎ കണക്കുകൾ പറയുന്നു.
ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് കാനഡയില്‍ അഭയം തേടിയെന്ന് കരുതുന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ വക്താവ് പറയുന്നു. ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വിമാനങ്ങളിലെ ജീവനക്കാരെയാണ് കാണാതായത്. കഴിഞ്ഞ 10 വര്‍ഷമായി ജീവനക്കാര്‍ അപ്രത്യക്ഷരാകുന്ന സംഭവം നടക്കുന്നുണ്ട്. എന്നാല്‍ ഈയടുത്ത വര്‍ഷങ്ങളിലാണ് പ്രവണത കൂടുതലായി കാണുന്നതെന്നും വ വക്താവ് അബ്ദുള്ള ഹഫീസ് ഖാന്‍ പറയുന്നു. കാണാതായ ക്രൂ അംഗങ്ങളാരും തിരികെ വന്നിട്ടില്ല. ഇവര്‍ക്ക് കാനഡയില്‍ അഭയം ലഭിക്കുന്നുവെന്നത് മറ്റുള്ളവരെയും ഇതേ കാര്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു
പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ കാനഡയില്‍ അഭയം തേടാന്‍ ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് കനേഡിയന്‍ അതോറിറ്റികളുടെ നിരീക്ഷണം.
