ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ ഫെഡറൽ സർക്കാരിനോട് അമേരിക്കൻ കോടതി. ഗൂഢാലോചന കേസിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് അഭിഭാഷകൻ തേടിയിട്ടുള്ളത്. 52 കാരനായ ഗുപ്തയെ യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം നിഖിൽ ഗുപ്തയ്ക്ക് കോൺസുലർ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഈ മാസം സുപ്രീം കോടതി തള്ളിയിരുന്നു. വിഷയം സെൻസിറ്റീവ് ആണെന്നും അതിൽ ഇടപെടാൻ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. “ഇത് ഒരു അന്താരാഷ്ട്ര വിഷയമാണ്, എല്ലാ വശങ്ങളും വിയന്ന കൺവെൻഷന്റെ പരിധിയിൽ വരും. കോൺസുലർ പ്രവേശനം അനുവദിച്ചില്ലെങ്കിൽ, അധികാരികളെ നേരിട്ട് സമീപിക്കാം. എന്നാൽ, നിങ്ങളുടെ പട്ടിക പ്രകാരം, നിങ്ങൾക്ക് രണ്ട് തവണ കോൺസുലാർ പ്രവേശനം ലഭിച്ചു, ”നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ സി ആര്യാമ സുന്ദരത്തിന്റെ സമർപ്പണത്തിന് മറുപടിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതേസമയം ഹർജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാൻ അവകാശമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ സുന്ദരം വാദിച്ചു. “നിങ്ങൾ ഞങ്ങളുടെ അധികാരപരിധിയിലായിരിക്കുമ്പോൾ ഇത് ബാധകമാണ്. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, ഇത് സർക്കാർ തീരുമാനിക്കട്ടെ” ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.







