കഴിഞ്ഞ ദിവസം ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച “കനേഡിയൻ റെന്റേഴ്‌സ് ബിൽ ഓഫ് റൈറ്റ്സ്” 2024 നിർണായകമാകുമെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ. വാടകയ്ക്കു താമസിക്കുന്നവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഒരു ‘ ഗെയിം ചേഞ്ചർ ‘ തന്നെയാണെന്ന് കാലങ്ങളായി ഇത്തരമൊരു നീക്കത്തിനു വേണ്ടി വാദിക്കുന്നവർ അഭിപ്രായപ്പെട്ടു.
ഈ നിയമം അനുസരിച്ച് കൃത്യമായി വാടക അടയ്ക്കുന്ന ആളുകൾക്ക് ക്രെഡിറ്റ് സ്കോർ നൽകും. ഇവരുടെ സാമ്പത്തിക രേഖകളുടെ ഭാഗമായിരിക്കും ഈ സ്കോർ. ഭവന വായ്പ്പയ്ക്ക് ഉൾപ്പടെ അപേക്ഷിക്കുമ്പോൾ ഈ റെന്റൽ ഹിസ്റ്ററി നിർണായകമാകും.
ആദ്യമായി വീട് വാങ്ങാൻ പോവുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. പ്രതിമാസം 2000 ഡോളർ വരെ ആളുകൾ വാടകയ്ക്കായി ചിലവഴിക്കുന്നുണ്ടെന്നും ഈ വലിയ തുകയ്ക്ക് അനുസരിച്ച ആനുകൂല്യങ്ങൾ അവർക്ക് കിട്ടുന്നില്ലെന്നും കഴിഞ്ഞ ദിവസം വാൻകൂവറിൽ സംസാരിക്കവേ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഇതിനൊക്കെയുള്ള പരിഹാരമെന്ന നിലയിലാണ് പുതിയ ബില്ലിനെ കാണുന്നത്.
