ബർലിൻ: ജർമ്മൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പുതിയ ജഴ്സിയിൽനുന്നും 44 എന്ന നമ്പർ ഒഴിവാക്കി അഡിഡാസ്. രണ്ടാം ലോക മഹായുദ്ധ സമയത്തുള്ള നാസി ഷുട്സ്സ്റ്റാഫൽ (Schutzstaffel, എസ്‌എസ്) യൂണിറ്റിന്റെ ചിഹ്നവുമായി 44-ാം നമ്പർ ജഴ്സിക്ക് സാദൃശ്യമുണ്ടെന്ന് വിമർശനമുയർന്നിരുന്ന. ഇതിന് പിന്നാലെയാണ് അഡിഡാസ് നടപടി. 44-ാം നമ്പർ ജഴ്സി ഓൺലൈൻ സ്‌റ്റോറുകളിൽ നിന്നും ഇവർ പിൻവലിച്ചു. ഒപ്പം ആരാധകരുടെ ഇഷ്ടാനുസരണം ഇതേ നമ്പർ വച്ച് ജഴ്സി കസ്റ്റമൈസ് ചെയ്യുന്നതിനെ അഡിഡാസ് വിലക്കിയിട്ടുമുണ്ട്. ജർമ്മൻ ഫുട്‌ബോൾ ഫെഡറേഷൻ (ഡിഎഫ്‌ബി) ജഴ്സിയുടെ വിൽപനയിൽ നിന്നും പിൻമാറി.
“ഒരു കമ്പനി എന്ന നിലയിൽ അന്യമതവിരോധം, ജൂതവിരുദ്ധത, അക്രമം, വിദ്വേഷം എന്നിവയെ ഞങ്ങൾ എതിർക്കുന്നു. ഡിസൈൻ മനപൂർവം ചെയ്‌തതാണെന്ന വാദത്തെ നിഷേധിക്കുന്നു”-. അഡിഡാസ് വക്താവ് ഒലിവർ ബ്രൂഗൻ അറിയിച്ചു.
സംരക്ഷണസേന എന്നർത്ഥം വരുന്ന ഷുട്സ്സ്റ്റാഫലിന്റെ ചിഹ്നത്തോട് 44 -ാം നമ്പറിന് സാമ്യതയുണ്ടെന്ന ചർച്ച സമൂഹ മാധ്യമത്തിലാണ് ആദ്യം ഉയർന്നത്. നാസി എസ്‌എസ് യൂണിറ്റിന്റെ ‘ലൈറ്റ്‌നിംഗ് ക്വീൻ’ ചിഹ്നവുമായാണ് നമ്പറിന് സാമ്യത കണ്ടെത്തിയത്. അഡോൾഫ് ഹിറ്റ്‌ലർ രണ്ടാം ലോകയുദ്ധ സമയത്തുൾപ്പെടെ ഉപയോഗിച്ച അർദ്ധസൈനിക സംഘടനയായിരുന്നു എസ്എസ്. ഹോളോകോസ്റ്റ് സമയത്ത് ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്‌ലർ പ്രയോജനപ്പെടുത്തിയത് എസ്എസിനെയാണ്.
ജേഴ്‌സിയിലെ 4-ാം നമ്പറിന്റെ ഡിസൈനിലും മാറ്റമുണ്ടാവും. ജർമ്മനിയുടെ കഴിഞ്ഞ മത്സരത്തിൽ 4,14 എന്നീ നമ്പറുകൾ താരങ്ങൾ ഉപയോഗിച്ചിരുന്നു.
