കാനഡയിൽ വസന്തകാലം ഔദ്യോഗികമായി ആരംഭിച്ചെങ്കിലും മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച ശീതകാല കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ. താപനില കുറയുകയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ഒന്റാറിയോയിൽ മഞ്ഞുവീഴ്ചയും കാറ്റും താപനില കുറയുന്നതിന് കാരണമാകുമെന്നും Kelsey McEwen പറയുന്നു.
ബാരി, ഒറിലിയ, ടോബർമോറി, ഹാലിബർട്ടൺ, ഗുഡ്‌റിച്ച്, സ്‌ട്രാറ്റ്‌ഫോർഡ്, ലണ്ടൻ, ബ്രേസ്‌ബ്രിഡ്ജ്, ഹണ്ട്‌സ്‌വില്ലെ, പാരി സൗണ്ട് തുടങ്ങിയ നഗരങ്ങളും പട്ടണങ്ങളും ഉൾപ്പെടെ സതേൺ ഒൻ്റാറിയോയിലെ പ്രദേശങ്ങൾക്ക് എൻവയോൺമെന്റ് കാനഡ മഞ്ഞുവീഴ്‌ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ 35 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടായേക്കാമെന്നും ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ചയും വാരാന്ത്യത്തിലും മറ്റൊരു കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ടൊറന്റോ, ഒട്ടാവ, മോൺട്രിയൽ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കാര്യമായ മഞ്ഞുവീഴ്ചയും അറ്റ്ലാന്റിക് കാനഡയിൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാൻ സാധ്യതയുണ്ട്.
കാൽഗറി, ഡ്രംഹെല്ലർ, മെഡിസിൻ ഹാറ്റ്, റെഡ് ഡീർ, ബാൻഫ്, ജാസ്പർ നാഷണൽ പാർക്കുകൾ എന്നിവയുൾപ്പെടെ തെക്കൻ, മധ്യ ആൽബർട്ട എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, വെള്ളിയാഴ്ച രാവിലെയോടെ ചില സ്ഥലങ്ങളിൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
അറ്റ്ലാൻ്റിക് കാനഡയിലെചില സ്ഥലങ്ങളിൽ മഴ, മഞ്ഞ്, ശക്തമായ കാറ്റ് എന്നിവ പ്രവചിക്കുന്നു. നോവ സ്കോട്ടിയയിലെ കേപ് ബ്രെട്ടണിൻ്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, അതേസമയം ന്യൂഫൗണ്ട്‌ലാൻഡിലെ അവലോൺ ഉപദ്വീപിൽ വ്യാഴാഴ്ച ഉച്ചയ്ക്കും വെള്ളിയാഴ്ച രാവിലെയ്ക്കും ഇടയിൽ 25 മുതൽ 35 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യൂബെക്കിൽ, ഗാസ്‌പെ പെനിൻസുലയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
കാനഡയുടെ മധ്യ, വടക്കൻ മേഖലകളിലും കടുത്ത തണുപ്പ് അനുഭവപ്പെടും. നിലവിൽ വിന്നിപെഗിൽ -15 ഡിഗ്രി സെൽഷ്യസ്, സസ്‌കാറ്റൂണിൽ-16 ഡിഗ്രി സെൽഷ്യസ്, യെല്ലോനൈഫിൽ -30 ഡിഗ്രി സെൽഷ്യസ്എന്നിങ്ങനെയാണ് താപനില. വാൻകൂവറിലും പരിസര പ്രദേശങ്ങളിലും മഴയായിരിക്കും. വെള്ളിയാഴ്ച വാൻകൂവറിൽ താപനില 12 ഡിഗ്രി സെൽഷ്യസ്, വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
