ന്യൂഡൽഹി ∙ ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് ജിയോയും എയര്‍ടെലും.സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ നേരത്തെ എതിര്‍ത്തിരുന്ന ടെലികോംകമ്പനികള്‍ തന്നെയാണ് ഇപ്പോള്‍ അവരുമായി പങ്കാളിത്തമുണ്ടാക്കി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ പങ്കാളിത്തം സഹായിക്കും. ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല ചെയ്യുക, ഉപഭോക്തൃ സേവനങ്ങളും ഇന്‍സ്റ്റലേഷനുമെല്ലാം പിന്തുണയ്ക്കുന്ന സംവിധാനം സജ്ജമാക്കും. എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്നും ജിയോ ഗ്രൂപ്പ് സി.ഇ.ഒ മാത്യു ഉമ്മന്‍ പറയുകയുണ്ടായി.ജിയോയുടേതിന് സമാനമായ കരാര്‍ തന്നെയാണ് എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ഉണ്ടാക്കിയിട്ടുള്ളത്.
